സ്കൂള്‍ വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ 

പാലക്കാട് മലമ്പുഴയിൽ സ്കൂള്‍ വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ  പീഡന വിവരം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ. പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശുപാർശ നൽകും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.

സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച്ച  പറ്റിയെന്നനാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ഡിസംബർ 18നാണ് വിദ്യാർത്ഥി ,  സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ്  മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.

പാലക്കാട് മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ നവംബർ 29ന് അധ്യാപകന്‍റെ ക്വാർട്ടേഴ്സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. സ്കൂളിലെ സംസ്കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കേസില്‍ പിടിയിലായത്. വിദ്യാർത്ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button