മാമ്പഴത്തോട്ടത്തിൽ പ്ലാസ്റ്റിക് ചാക്കിൽ തലയില്ലാത്ത യുവാവിൻറെ മൃതദേഹം

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മാമ്പഴത്തോട്ടത്തിൽ പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് തള്ളിയ നിലയിൽ പുരുഷന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 9.35 ഓടെയാണ് തോട്ടത്തിൽ നിന്ന് മൃതദേഹമുള്ള ചാക്കുകെട്ട് കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തലയില്ലാത്തതിനാൽ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
പൂക്കളുടെ പാറ്റേണുള്ള വെളുത്ത ഷർട്ടും ബ്രൗൺ ഷോർട്ട്സുമാണ് യുവാവ് ധരിച്ചിട്ടുള്ളത്. മൃതദേഹത്തിന്റെ ഇടതു കണങ്കാലിലും ഇടതു കൈത്തണ്ടയിലും കറുത്ത നൂൽ കെട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മരിച്ചയാളുടെ വലതുകൈയിൽ ‘അശോക് സിംഗ്’ എന്ന പേരുള്ള ഒരു ടാറ്റൂ കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം തിരിച്ചറിയാൻ നാട്ടുകാരുടെ സഹായം പൊലീസ് തേടിയുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.



