കാപ്പ ചുമത്തി നാട് കടത്തി.. നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതോടെ പിടിയിലായി… രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണും പിടിവീണു…
ശുചിമുറിയിലെ വെന്റിലേറ്റർ തകർത്ത് പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. കോഴിക്കോട് മുഖദാർ സ്വദേശി അറയ്ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ(24) ആണ് അറസ്റ്റിലായത്. കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി ഹാജരാക്കുന്നതിനിടെയാണ് പ്രതി രക്ഷപ്പെടാൻ നോക്കിയത്.
കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട അജ്മലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നും മറ്റ് കേസുകളിൽ ഉൾപ്പെടാൻ പാടില്ലെന്നുമുള്ള നിബന്ധനയോടെ നാട് കടത്തിയിരുന്നു. എന്നാൽ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വൈദ്യ പരിശോധന നടത്താനായി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറിയിൽ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് സമ്മതിക്കുകയായിരുന്നു. എന്നാൽ ശുചിമുറിയിലെ വെന്റിലേറ്റർ തകർത്താണ് ഇയാൾ രക്ഷപ്പെട്ടത്.
മോഷണം, വീട്ടിൽ കയറി സ്ത്രീകളെ ആക്രമിക്കൽ, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, മൊബൈൽ ഫോൺ കവർച്ച തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. കോഴിക്കോട് ടൗൺ, മെഡിക്കൽ കോളേജ്, പന്നിയങ്കര, ചെമ്മങ്കാട്, ചേവായൂർ, നടക്കാവ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.