മദ്യലഹരിയിൽ യുവതിയെ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണി, യുവാവിനെ കയ്യോടെ പിടികൂടി പോലീസ്

മദ്യലഹരിയിൽ യുവതിയെ അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് വംശജനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കോടതിയിൽ വിചാരണ തുടരുകയാണ്. ഷാർജ മിസ്‌ഡെമനർ കോടതിയാണ് കേസ് പരിഗണിക്കുന്നത്. യുവതിയുടെ പരാതി പ്രകാരം, പ്രതി മദ്യലഹരിയിൽ അക്രമാസക്തനായി വരികയും അവർക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് ചീത്തവിളിക്കുകയും, വധഭീഷണി മുഴക്കുകയുമായിരുന്നു. തന്‍റെ ജീവന് അപകടമുണ്ടെന്ന് ഭയന്ന യുവതി ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതിയിൽ ചോദ്യം ചെയ്തപ്പോൾ താൻ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. യുവതിയെ ഭീഷണിപ്പെടുത്തിയ കാര്യവും ഇയാൾ കോടതിയിൽ നിഷേധിച്ചില്ല. എന്നാൽ മദ്യലഹരിയിലായിരുന്നതിനാൽ തന്റെ പെരുമാറ്റത്തെക്കുറിച്ച് പൂർണ്ണമായ ബോധമുണ്ടായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം. മദ്യപാനം, അസഭ്യം പറയൽ, ക്രിമിനൽ ഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീർഘകാലമായി മദ്യപിക്കുന്ന സ്വഭാവം പ്രതിക്കുണ്ടായിരുന്നതായി കോടതിയിൽ വ്യക്തമായി. കേസിൽ എല്ലാ വാദങ്ങളും കേട്ട കോടതി, വിധി പറയാനായി മാർച്ച് ഒൻപതിലേക്ക് മാറ്റി വെച്ചു.

Related Articles

Back to top button