തളച്ചിട്ടത് ആറ് മാസം.. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് അഴിച്ചു.. ആദ്യം ശാന്തൻ.. ഒരുമണിക്കൂർ കഴിഞ്ഞതോടെ.. കരുനാഗപ്പള്ളി സ്വദേശിയുടെ നില….
ഹരിപ്പാട് ക്ഷേത്രത്തിലെ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആനയായ സ്കന്ദനാണ് അക്രമാസക്തനായത്. ആനയുടെ കുത്തേറ്റ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാറി(മണികണ്ഠൻ-40)ന്റെ നില ഗുരുതരമായി തുടരുകയാണ്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിൽകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. മാറ്റിക്കെട്ടുന്നതിനിടയിൽ രണ്ടാം പാപ്പാൻ സുനിൽ കുമാറിനെയാണ് ആന ആദ്യം ആക്രമിച്ചത്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. മുരളീധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുക ആയിരുന്നു.
ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ സ്കന്ദൻ എന്ന ആനയെ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനാൽ ആനയെ അഴിക്കാമെന്ന് ഒരുമാസം മുൻപ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിരുന്നു.
ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് അനയെ അഴിച്ചതെന്നാണ് അറിയുന്നത്. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ആന ക്ഷേത്രദർശനം നടത്തി. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു.
ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. സുനിലിനെ ഉടൻ തന്നെ പരുമലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞ് സമീപക്ഷേത്രങ്ങളിലെ പാപ്പാന്മാരെല്ലാം ഹരിപ്പാട്ടെത്തി. ഇവർ ചേർന്ന് ആനയെ സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാൻ ശ്രമിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ വരുതിയിലാക്കിയത്.