‘എത്ര കൊല്ലം കഴിഞ്ഞു, ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് പിന്നിൽ സ്വാർഥ താത്പര്യം’….
2008ലെ ഐപിഎല്ലിനിടെ മലയാളി പേസർ ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവിട്ട മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹർഭജൻ രംഗത്ത്. ആ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടതിൽ ദുരൂഹതയുണ്ടെന്നു ഹർഭജൻ പറയുന്നു.’ആ വിഡിയോ പുറത്തുവിട്ടത് ശരിയല്ല. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഇതിന് പിന്നിൽ അവർക്ക് ഒരു സ്വാർഥ ലക്ഷ്യം ഉണ്ടായിരുന്നിരിക്കും. 18 വർഷം മുമ്പ് നടന്ന കാര്യമാണ്. ആളുകൾ മറന്ന കാര്യമാണ് എന്നാൽ ഇവർ ഇപ്പോൾ അത് വീണ്ടും ആളുകളെ ഓർമപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അന്ന് അങ്ങനെ നടന്നതിൽ എനിക്ക് വിഷമം ഉണ്ട്. ഞങ്ങൾ കളിക്കുകയായിരുന്നു. ഓരോരുത്തരുടേയും മനസിൽ ഓരോ ചിന്തകളായിരുന്നു. തെറ്റുകൾ സംഭവിക്കാം. ആ തെറ്റുകളോർത്ത് നമുക്ക് ലജ്ജ തോന്നുകയും ചെയ്യും. ശരിയാണ് ആ വീഡിയോ ഇപ്പോൾ വൈറലായി. അത് നിർഭാഗ്യകരമാണ് എനിക്ക് തെറ്റുപറ്റി എന്ന് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കും. എനിക്കും ഒരു തെറ്റുപറ്റി. വീണ്ടും തെറ്റ് സംഭവിക്കുകയാണ് എങ്കിൽ എന്നോട് പൊറുക്കണേ എന്ന് ഗണേശ ഭഗവാനോട് ഞാൻ പ്രാർഥിക്കുന്നു. തെറ്റുകൾ സംഭവിക്കും,’ ഇൻസ്റ്റന്റ് ബോളിവഡിനോട് സംസാരിക്കവരെ ഹർഭജൻ സിങ് പറഞ്ഞു.
2008ൽ പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനു ശേഷമാണ് സംഭവം. കൈയുടെ മുകൾ ഭാഗം ഉപയോഗിച്ച് ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ലളിത് മോദി പുറത്തുവിട്ടത്.