മാവേലിക്കര എൽ.ഐ.സിയിൽ പീഡനം.. സഹപ്രവർത്തകയോട് മോശമായി പെരുമാറിയ മേലുദ്യോഗസ്ഥൻ അറസ്റ്റിൽ..
മാവേലിക്കര- സഹപ്രവർത്തകയോട് മോശമായി പെരുമാറിയ എൽ.ഐ.സി കോട്ടയം ഡിവിഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പലിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ ഡയമണ്ട് പ്ലാസാ ഫ്ളാറ്റിൽ സാം മാത്യൂ (52) വാണ് അറസ്റ്റിലായത്. 2021 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാവേലിക്കര എൽ.ഐ.സി ഓഫീസിൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
മാവേലിക്കര എൽ.ഐ.സി ഓഫീസിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എൽ.ഐ.സിയുടെ ഇന്റേണൽ കംപ്ലയിൻസ് കമ്മിറ്റി അന്വേഷണം നടത്തുകയും സാം മാത്യു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വേതന വർധന രണ്ട് വർഷത്തേക്ക് തടയുന്ന അച്ചടക്കനടപടി സ്വീകരിച്ചു. എന്നാൽ ഇതിന്റെ വിരോധത്തിൽ ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് പ്രതികാരപരമായി ഉപദ്രവിച്ചു. ഇതോടെ പെൺകുട്ടി മാവേലിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
മാവേലിക്കര പൊലീസ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ 1ന് ആലപ്പുഴ ജില്ലാ കോടതി ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവായി. ഇതോടെ ഒളിവിൽ പോയ സാം മാത്യുവിനെ ഇയാളുടെ ഇടയാറൻമുളയിലുള്ള വീട്ടിൽ നിന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മാവേലിക്കര സി.ഐയുടെ ചുമതല വഹിക്കുന്ന കുറത്തികാട് സി.ഐ മോഹിത്, മാവേലിക്കര എസ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.