സര്‍ക്കാര്‍ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം, മുൻകാല പ്രാബല്യം നൽകി ഡി.എ ഡി.ആര്‍ കുടിശ്ശിക അനുവദിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡി.എയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവൻ ഡി. എ, ഡി.അറിനും അനുവദിക്കേണ്ട യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.

Related Articles

Back to top button