ഹജ്ജ് അപേക്ഷകൾ വേഗം സമർപ്പിക്കണം.. കർശനമായ സമയക്രമം…

ഈ വർഷം, ഹജ്ജ് ക്രമീകരണങ്ങൾക്കായി സൗദി അറേബ്യ സർക്കാരിൽ നിന്ന് വളരെ കർശനമായ സമയപരിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. 2026 ലെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ള എല്ലാ തീർത്ഥാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കിൽ ഹജ്ജ് സുവിധ ആപ്പ് വഴി ഉടൻ അപേക്ഷിക്കണം. ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു. കൊച്ചി ഉള്‍പ്പെടെ 7 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക. ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകള്‍ ഈ മാസം അവസാനം വരെ സ്വീകരിക്കും.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഹജ്ജ് നയത്തിലാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്ളത്. 40 – 45 ദിവസത്തെ നിലവിലുള്ള ഹജ്ജ് പാക്കേജിന് പുറമെയാണ് 20 ദിവസത്തെ പാക്കേജ് കൂടി ഉള്‍പ്പെടുത്തിയത്. 10,000 സീറ്റ് ആണ് അടുത്ത ഹജ്ജ് മുതല്‍ ആരംഭിക്കുന്ന പുതിയ പാക്കേജിനായി നീക്കി വെച്ചിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നാണ് സൂചന. കൊച്ചി, ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ 7 വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാണ് പുതിയ പാക്കേജിലെ സര്‍വീസ് ഉണ്ടാകുക. മറ്റു പാക്കേജുകളുടെ അതേ നിരക്ക് തന്നെയാണ് 20 ദിവസത്തെ പാക്കേജിനും ഈടാക്കുക. എന്നാല്‍ പുതിയ പാക്കേജില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

Related Articles

Back to top button