കഠിനമായ വയറുവേദന.. ഏഴു വയസ്സുകാരന്റെ കുടലിൽ നിന്നെടുത്തത്..

വയറുവേദനയായി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരന്റെ ചെറുകുടലിൽ നിന്നും മുടി, പുല്ല്, ഷൂലേസിൻ്റെ നൂല് എന്നിവ കണ്ടെത്തി നീക്കംചെയ്തു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. മധ്യപ്രദേശിലെ രത്ലം സ്വദേശിയായ ശുഭം നിമാനയുടെ ചെറുകുടലിൽ നിന്നാണ് ഇവ നീക്കം ചെയ്തത്.
കഴിഞ്ഞ രണ്ട് മാസമായി കുട്ടിക്ക് കഠിനമായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല. പിന്നീടാണ് കുട്ടിയെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സിടി സ്കാനിലും എൻഡോസ്കോപ്പിയിലും ദഹനനാളത്തിൽ അസാധാരണമായ ഒരു വസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
വൈദ്യശാസ്ത്രപരമായി ട്രൈക്കോബീസോർ(TRICHOBEZOAR) എന്ന അവസ്ഥയാണ് കുട്ടിയെ ബാധിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടികളിൽ ഇത് വളരെ അപൂർവമാണ്. ഇത്തരം ജീവന് ഭീഷണിയാകുന്ന അവസ്ഥകൾ തടയുന്നതിനായി കുട്ടികൾക്ക് അസാധാരണമായ വസ്തുക്കൾ കഴിക്കുന്ന ശീലമുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം, അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.