ഗുരുവായൂരിൽ ഒക്ടോബറിലെ ഭണ്ഡാര വരവ്; സ്വർണം 2 കിലോ, വെള്ളി 9 കിലോ, പണമായി ലഭിച്ചത്
ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ 16 വരെയുള്ള ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,92,22,035 രൂപ. 2 കിലോയിലേറെ സ്വർണവും ലഭിച്ചു (2 കിലോ 580 ഗ്രാം 200 മില്ലിഗ്രാം). 9 കിലോഗ്രാമിലേറെ വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെയും 1000 രൂപയുടെയും 5 വീതവും അഞ്ഞൂറിൻറെ 21ഉം കറൻസി ലഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാരങ്ങൾ വഴി ലഭിച്ചത്…
കിഴക്കേനട എസ്ബിഐ ഇ-ഭണ്ഡാരം വഴി 3, 02,313 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ-ഭണ്ഡാരം വഴി 11,620 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരം വഴി 96,594 രൂപയും ഇന്ത്യൻ ബാങ്ക് ഇ-ഭണ്ഡാരം വഴി 24,216 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരം വഴി 50,666 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരം വഴി 1,50,464 രൂപയും ലഭിച്ചു.
ഗുരുവായൂരിൽ ദർശന സമയം കൂട്ടി
ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം ഒന്നു മുതൽ ദർശന സമയം കൂട്ടി. ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണ സമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച മുതൽ ക്ഷേത്രത്തിൽ പുലർച്ചെ 3ന് നട തുറന്നാൽ ഉച്ചതിരിഞ്ഞ് 3 മണിക്കേ ഇനി നട അടക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വീണ്ടും വൈകീട്ട് 4ന് നട തുറന്ന് രാത്രി 9 വരെ ദർശനം തുടരും.