‘ഗുരുവായൂരിൽ നിന്ന് ഒരു തരി സ്വർണം നഷ്ടപ്പെട്ടിട്ടില്ല, എല്ലാത്തിനും കൃത്യമായ കണക്കുണ്ട്’

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഒരു തരി സ്വർണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. ദേവസ്വത്തിന്റെ ശേഖരത്തിലുള്ള സ്വർണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററിൽ സൂക്ഷിച്ചിട്ടുണ്ട്. ദേവസ്വത്തിനെതിരായി ആരോപണങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ വി.കെ. വിജയൻ അറിയിച്ചു.
സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിൽ ദേവസ്വം ഭരണസമിതി ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ നിന്നും ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ല. നിത്യ ഉപയോഗത്തിനുള്ളവ മേൽശാന്തിയുടെ സ്റ്റോക്കിലും ബാക്കിയുള്ളവ ഡബിൾ ലോക്കറിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഭണ്ഡാരത്തിൽ നിന്നും സ്വർണ്ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി പ്രതിനിധികളടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഭക്തജന പ്രതിനിധികളുടെയും സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്.
2000 കിലോ തൂക്കമുള്ള ഉരുളി കാണാനില്ലെന്ന വാർത്ത സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. പ്രസ്തുത ഉരുളി തിടപ്പിള്ളിയിൽ ഏറെക്കാലമായി പായസ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച് എത്തിച്ച ഉരുളി സമർപ്പണം അന്ന് മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഓഡിറ്റ് റിപ്പോർട്ട്: 2019-20 ലെ ഓഡിറ്റ് റിപ്പോർട്ടിലെ വിഷയങ്ങളിൽ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അഭിപ്രായം രേഖപ്പെടുത്താനാകില്ലെന്നും ദേവസ്വം അറിയിച്ചു.



