മലിന ജലം ഒഴുകുന്ന കൈതോട്ടിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ… പൊലീസിൽ പരാതി….
ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിലൂടെ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസില്‍ പരാതി നല്കി. തോട്ടിൽ പ്രതിമ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പത്രാധിപര്‍ കെ.സുകുമാരന്‍ സ്മാരക യൂണിയന് വൈസ് പ്രസിഡന്റ് ചേന്തി അനിലാണ് സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടർന്ന് നാട്ടുകാരും എസ്.എന്‍ഡി.പി പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് ഉളളൂര്‍ പാലത്തിനടിയിലുളള മലിന ജലം ഒഴുകുന്ന തോട്ടില്‍ പ്രതിമ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്ളൂരില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയായിരുന്നു ഇത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ടുളള പ്രതിമ സ്ഥാപിച്ചത്. അവിടെ നിന്നും മാറ്റിയ പഴയ പ്രതിമയാണ് ഇപ്പോള്‍ തോട്ടില്‍ കണ്ടെത്തിയത്.
പ്രതിമ കണ്ടെത്തിയ ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം മെഡിക്കല്‍ കോളജ് പൊലീസില്‍ അറിയിച്ചു. ഉളളൂരിലുളള മാലിന്യങ്ങളും മലിന ജലവും ഒഴുകുന്ന ഒരു കൈതോടാണിതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ രംഗത്തെത്തിയിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.