ലഹരി ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ നാടുകടത്തില്ല.. പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..
ലഹരി ഉപയോഗിച്ച് പിടിക്കപെടുന്നവരെ നാടുകടത്തുന്ന രീതി മാറ്റാനൊരുങ്ങി യു എ ഇ. ഇത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തിയതായി അധികൃതർ അറിയിച്ചു. ലഹരി മരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ കഴിച്ചതിന് പിടിക്കപ്പെട്ട പ്രതിയുടെ പശ്ചാത്തലം പരിശോധിച്ചു മാത്രമേ ഇനി നാടുകടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
ഇതിനായി ഫെഡറൽ നിയമത്തിലെ ഡിക്രി നമ്പർ (30) 2021ൽ മാറ്റം വരുത്തി. ഇതിലൂടെ നാടുകടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ജ്ഡ്ജിന് കൂടുതൽ അധികാരം ലഭിക്കും. ഇതിനായി ചില ഘടകങ്ങൾ ആകും പരിശോധിക്കുക.
പ്രതി രാജ്യത്ത് സ്ഥിരതാമസമാക്കിയ ആളാണോ എന്നും സ്ഥിരമായ ജോലിയും നിയമാനുസൃത വരുമാനവും ഉണ്ടോ എന്ന് കോടതി പരിശോധിക്കും. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകില്ല എന്നും കോടതി കണ്ടെത്തിയാൽ നാടുകടത്തൽ ശിക്ഷ ഒഴിവാക്കുകയും പകരം കേസിൽ പ്രാഥമിക ശിക്ഷ മാത്രം നൽകുകയും ചെയ്യും.
നാടുകടത്തുന്നത് വഴി പ്രതിയുടെ വരുമാനമാർഗം തടസപ്പെടുകയും കുടുംബജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ ആയി ആണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പ്രതിയെ നാടുകടത്തുന്ന കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷനും പ്രത്യേക അധികാരങ്ങൾ പുതിയ ഭേദഗതിയിൽ നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പ്രതിയെ നാടുകടത്താൻ പബ്ലിക് പ്രോസിക്യൂഷന് സാധിക്കും. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് അധികാരം ഉപയോഗികമെന്നും ഭേദഗതിയിൽ പറയുന്നു.