അരൂരിൽ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ….
അരൂർ : എരമല്ലൂർ ജംഗ്ഷന് കിഴക്കുവശം എരമല്ലൂർ കുടപുറം റോഡിൽ വച്ച് കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ഒരു കിലോ 114 ഗ്രാം കഞ്ചാവാണ് ആസ്സാം സ്വദേശിയായ യുവാവിൽ നിന്നും പിടിച്ചെടുത്തത്. മോണി കഞ്ചൻ ഗോഗോയ്(30) എന്നയാളെ അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കേരള പോലീസ് ലഹരിക്കടത്തുകാർക്കെതിരെ സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡി -ഹണ്ടിനോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ശ്രീ. മോഹനചന്ദ്രൻ IPS നു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല എ.എസ്. പി. ഹാരിഷ് ജയിൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം അരൂർ പോലീസ് സ്റ്റേഷൻ ഐഎസ് എച്ച് ഓ കെ.ജി പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കഞ്ചാവ് പിടികൂടിയത്.
എസ് ഐ മാരായ ഗീതു മോൾ, സാജൻ,സീനിയർ സിപിഓ ശ്രീജിത്ത്,സിപിഓ മാരായ രതീഷ് കെ. ആർ, നിതീഷ്, വിജീഷ്,ജോമോൻ, ശ്യാംജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായിട്ടാണ് ഇയാൾ കഞ്ചാവ് അന്യസംസ്ഥാനത്തുനിന്നും എത്തിച്ചിരുന്നത്.
അതിഥി തൊഴിലാളികൾക്കിടയിൽ കൂടുതലായി ലഹരി വസ്തുകളുടെ ഉപയോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ അന്യസംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും കർശനമായ പരിശോധന നടത്തുമെന്ന് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ ആറുമാസകാലത്തിനുള്ളിൽ അരൂർ പോലീസ് സ്റ്റേഷനിൽ പരിധിയിൽ മാത്രം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും 40 കിലോയോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടികൂടാൻ അരൂർ പോലീസിന് സാധിച്ചിട്ടുള്ളതാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.