ജിഎസ്ടി വകുപ്പിലെ സ്ഥലംമാറ്റങ്ങൾ ഒരു പവർ ഗ്രൂപ്പ് നിയന്ത്രിക്കുന്നു…വിവാദങ്ങൾക്കിടെ സിപിഎം നീക്കത്തിനെതിരേ സിപിഐ…
ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്ന ട്രിബ്യൂണല്‍ വിധി നിലനില്‍ക്കേ ജിഎസ്ടി വകുപ്പില്‍ സ്വന്തമായി ട്രാന്‍സ്ഫര്‍ പോളിസി നടപ്പാക്കാന്‍ പോകുന്നത് വിവാദമാകുന്നു. വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ ഒരു പവര്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്നുവെന്ന ആക്ഷേപം നില നില്‍ക്കുമ്പോഴാണ്, സര്‍ക്കാരിന്റെ പൊതുനയമായ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിച്ച് സ്വന്തം നയം നടപ്പാക്കാന്‍ ജിഎസ്ടി വകുപ്പ് ഒരുങ്ങുന്നത്. ഇതിനായി നയത്തിന്റെ കരട് രേഖ ചര്‍ച്ചയ്ക്കായി യൂണിയനുകള്‍ക്ക് കൈമാറി.

ഇതിനുപിന്നില്‍ വകുപ്പ് കൈപ്പിടിയില്‍ ഒതുക്കാനുള്ള സിപിഎം യൂണിയനുകളുടെ നീക്കമാണെന്ന് ആക്ഷേപമുണ്ട്. രേഖ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് അംഗീകരിക്കുന്നതോടെ ജിഎസ്ടി വകുപ്പിനു മാത്രമായി ഒരു പ്രത്യേക സ്ഥലംമാറ്റ നയം നടപ്പില്‍വരും. ഇത് ജീവനക്കാരുടെ താത്പര്യങ്ങളെ ബലികൊടുക്കുന്നതാവുമെന്നു കാട്ടി സിപിഐ യൂണിയന്‍ തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്.



