സിഗരറ്റിന് വില കൂടിയേക്കും…. നികുതി വർദ്ധിക്കുക ഈ ഉത്പന്നങ്ങൾക്ക്…

രക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നു. 5 ശതമാനം ,12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നിവയ്ക്ക് പുറമേ പുതിയതായി 35 ശതമാനം എന്ന നികുതി സ്ലാബ് കൂടി ഏര്‍പ്പെടുത്താന്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി തീരുമാനിച്ചു. ഇതോടെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് അഞ്ച് ശതമാനവും ഏറ്റവും കൂടിയത് 38 ശതമാനവും ആകും. പുകയില, സിഗരറ്റ്, കോള അടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്കാണ് 35% നികുതി ഏര്‍പ്പെടുത്തുന്നത്. ഇതോടെ സിഗരറ്റ്, പുകയില, കോളയടക്കമുള്ള പാനീയങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധിക്കും. ഇവയുടെ ജി എസ് ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 35 ശതമാനം ആക്കുന്നതോടെയാണ് വില വര്‍ധിക്കുന്നത് . വരുന്ന ഇരുപത്തിയൊന്നാം തീയതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയ്സാല്‍മറില്‍ നടക്കുന്ന യോഗത്തില്‍ മറ്റ് പല വിഷയങ്ങളും ചര്‍ച്ച ചെയ്യും. ലെതര്‍ ബാഗുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വാച്ചുകള്‍, ഷൂകള്‍ തുടങ്ങി നിരവധി ആഡംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്താന്‍ മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ , പശ്ചിമ ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, രാജസ്ഥാന്‍ ആരോഗ്യ സേവന മന്ത്രി ഗജേന്ദ്ര സിംഗ് ഖിംസര്‍, എന്നിവര്‍ മന്ത്രിതല സമിതി യോഗത്തില്‍ പങ്കെടുത്തു.വസ്ത്രങ്ങള്‍ക്കുള്ള നികുതി ഘടന പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്. ഇത് പ്രകാരം 1500 രൂപയ്ക്ക് മുകളിലുള്ള വസ്ത്രങ്ങള്‍ക്ക് 5% ആയിരിക്കും ചരക്ക് സേവന നികുതി. 1500 നും 10000 രൂപയ്ക്കും ഇടയിലുള്ള വസ്ത്രങ്ങള്‍ക്ക് 18% നികുതി അടക്കേണ്ടി വരും. 10000 രൂപയ്ക്ക് മേലുള്ള വസ്ത്രങ്ങള്‍ക്ക് 28 ശതമാനം ആയിരിക്കും ചരക്ക് സേവന നികുതി. 10000 രൂപയ്ക്ക് മേലുള്ള വസ്ത്രങ്ങള്‍ ആഡംബര വസ്തുക്കള്‍ക്ക് സമാനമായി കണക്കാക്കും. നിലവില്‍ 1000 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 5 ശതമാനവും അതില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ക്ക് 12 ശതമാനവും ജിഎസ്ടി ബാധകമാണ്.

വീടുകളിലെ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് ചരക്ക് സേവന നികുതിയിലെ ഏറ്റവും കുറഞ്ഞ നികുതിയായ അഞ്ച് ശതമാനം ചുമത്തിയിരിക്കുന്നത്. ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് ആണ് ഏറ്റവും കൂടുതല്‍ നികുതി. കാര്‍, ലക്ഷ്വറി സ്പാ, തുടങ്ങിയവയാണ് ഇതിനകത്ത് വരുന്നത്.

Related Articles

Back to top button