‘കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപി’

തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചുവെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് തെളിയിക്കുന്ന ചില കണക്കുകൾ നിരത്തിക്കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിൻറെ അവകാശവാദം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻ‌ഡി‌എയുടെ വോട്ടുവിഹിതം 2020നെ അപേക്ഷിച്ച് ഇരട്ടിയിലധികമായാതായി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിൻറെ കുറിപ്പ് ഇങ്ങനെ…

“കണക്കുകൾ കള്ളം പറയില്ല. കോട്ടയത്തെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻ‌ഡി‌എയുടെ വോട്ട് വിഹിതം ഇരട്ടിയിലധികമായി- 2020 ലെ 11.4 ശതമാനത്തിൽ നിന്ന് 2025 ൽ 26.9 ശതമാനം ആയി. വെറും 5 വർഷത്തിനുള്ളിൽ 15.5 ശതമാനം വർദ്ധന. ഇത് ഒറ്റപ്പെട്ട പ്രവണതയല്ല. ഞാൻ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ കണക്ക് സ്ഥിരീകരിക്കുന്നു: കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണ്.

അഴിമതി, വിവാദം, സിപിഎം – കോൺഗ്രസ് സ്തംഭനാവസ്ഥ എന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനം, ഉത്തരവാദിത്ത ഭരണം എന്നിവയെക്കുറിച്ചുള്ള ബിജെപി/എൻ‌ഡി‌എയുടെ കാഴ്ചപ്പാടിലേക്ക് മലയാളികൾ നീങ്ങുകയാണ്. ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചു” – എന്നാണ് രാജീവ് ചന്ദ്രശേഖറിൻറെ കുറിപ്പ്.

Related Articles

Back to top button