കൊല്ലത്ത് വടിവാളും വെട്ടുകത്തിയുമുൾപ്പെടെയുള്ള മരകായുധങ്ങളുമായെത്തിയ ആറംഗസംഘം വീട് അടിച്ചുതകർത്തു

കൊല്ലത്ത് വീട് അടിച്ച് തകർത്ത് അക്രമി സംഘം. മാരകായുധങ്ങളുമായെത്തിയ സംഘം ചിറപ്പാട് ഭാഗത്ത് അഖിലാലയത്തിൽ അജിത്തി(43)ന്റെ വീടിനു നേരെയാണ് അക്രമം അഴിച്ചു വിട്ടത്. ശൂരനാട് വടക്ക് പാറക്കടവിലാണ് സംഭവം. വൈരാഗ്യത്തിന്റെ പുറത്തായിരുന്നു ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 11മണിയോടെയാണ് ആക്രമണം ഉണ്ടായത്.

വടിവാളും വെട്ടുകത്തിയുമുൾപ്പെടെയുള്ള മരകായുധങ്ങളുമായെത്തിയ ആറംഗസംഘം വീട്ടിലേക്ക് കയറുകയായിരുന്നു.
മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീട്ടുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. മുഴുവൻ വീട്ടുപകരണങ്ങളും ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും അക്രമികൾ തകർത്തു.

വീടിന്റെ ജനാലകളും അടിച്ചുതകർത്തു. വീട്ടിനുള്ളിൽ കടന്ന സംഘം ടി.വി., ഫ്രിഡ്ജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ, കസേരകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ തകർത്തു. മുറിക്കുള്ളിലുണ്ടായിരുന്ന തടിയലമാരയും വെട്ടിപ്പൊളിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ആക്രമിസംഘം വരുത്തിവെച്ചതെന്ന് വീട്ടുകാർ പറയുന്നു.

പാതിരിക്കൽ സ്വദേശിയും സി.പി.എം. പ്രദേശിക നേതാവുമായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രണമെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. അജിത്ത്, അമ്മ ഗൗരിക്കുട്ടി (68), അജിത്തിന്റെ മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവരെ മർദിച്ചതായും കുട്ടിയോട് മോശമായി പെരുമാറിയതായും പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

രാത്രിയിൽ വീട്ടുകാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അക്രമികൾ വീട്ടിലേക്ക് ഇരച്ചുകയറിയത്. യാതൊരു പ്രകോപനവുമില്ലാതെയയിരുന്നു ആക്രമണം നടത്തിയതെന്നും പുറത്തേക്കിറങ്ങി ഓടിയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നും വീട്ടുകാർ പറയുന്നു. തങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോളേക്കും ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വീട്ടുകാർ പറയുന്നു.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ച് വരുകയാണ്. ശൂരനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാസങ്ങൾക്കുമുൻപ് ആനയടിക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണത്തിന് പിന്നിലെന്നണ് സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button