ഐസിസി വനിതാ ഏകദിന ലോകകപ്പ്… അവസാന നിമിഷം ഗ്രീൻഫീൽഡ് സ്റ്റേഡിയം തഴയപ്പെട്ടു…
ഐസിസി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കില്ല. ഗ്രീൻഫീൽഡിനെ ഒഴിവാക്കി ലോകകപ്പിനുള്ള അഞ്ച് വേദികൾ ഐസിസി പ്രഖ്യാപിച്ചു. നേരത്തേ, ഗ്രീൻഫീൽഡിൽ ലോകകപ്പ് നടക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാവുന്ന ലോകകപ്പിലെ മത്സരങ്ങൾ ബെംഗളൂരു, ഗുവാഹത്തി, ഇൻഡോർ, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് നടക്കുക. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങൾക്കും കൊളംബോ വേദിയാവും. എട്ട് ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടുന്നത്.
മാർച്ചിൽ നടന്ന ബിസിസിഐ യോഗത്തിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ലോകകപ്പിനുള്ള വേദിയായി തീരുമാനിച്ചത്. ഏതൊക്കെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക എന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷം ഗ്രീൻഫീൽഡ് സ്റ്റേഡിയം തഴയപ്പെട്ടു. ഗ്രീൻഫീൽഡിന് പുറമെ റായ്പൂർ, പഞ്ചാബിലെ മുല്ലാൻപൂർ എന്നീ സ്റ്റേഡിയങ്ങളും തഴയപ്പെട്ടു. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ ഉൾപ്പടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. 2000ൽ ഹോൾക്കർ സ്റ്റേഡിയം നിലവിൽ വന്നശേഷം നെഹ്റു സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങൾക്ക് ഉപയോഗിക്കുന്നില്ല.
ഓസ്‌ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വേദിയായും ഗ്രീൻഫീൽഡിനെ പരിഗണിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളും ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 14, 17, 20 തീയതികളിലാണ് ഇന്ത്യ – ഓസ്ട്രേലിയ ഏകദിന മത്സരങ്ങൾ നടക്കുക. ഇന്ത്യൻ വനിതാ ടീമിന്റെ അടുത്ത പരമ്പര ജൂൺ, ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിനെതിരെയാണ്. അഞ്ച് ടി20 മത്സരങ്ങളും തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും.