ഹരിതചട്ടം പാലിച്ച് പരിസ്ഥിതി സൗഹാർദപരമായി തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് നടത്താൻ തീരുമാനം

തിരുവനന്തപുരം: ഇത്തവണ ഹരിതചട്ടം പാലിച്ച് പരിസ്ഥിതി സൗഹാർദപരമായ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ ഏജൻസികളുടെ യോഗത്തിലാണ് പരിസ്ഥിതി സൗഹാർദമായ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച കർമപരിപാടിക്ക് രൂപം നൽകി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഒക്ടോബർ 10 വരെ സമർപ്പിക്കാനും അവസരം.

തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങൾ, ഓഫീസുകൾ, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങൾ, പോളിങ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്ലീൻ കേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും.

സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഇതിനായി പ്രത്യേക നിർദേശങ്ങൾ നൽകും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതി മലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10ന് മുമ്പ് [email protected] എന്ന ഇ-മെയിൽ വിലാസത്തിലും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ജനഹിതം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button