ഐഎഎസ് തലപ്പത്തെ ചേരിപ്പോര്..വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്..കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ നടപടി..രണ്ടുപേരെയും….

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ നടപടി. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു. മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യപ്രതികരണത്തിലാണ് എന്‍ പ്രശാന്തിനെതിരെ നടപടി.ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് സസ്‌പെന്‍ഷനിലാകുന്നത് ഇതാദ്യമായാണ്.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനാണ് വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതെന്നായിരുന്നു ആരോപണം.ഇത് വിവാദമായപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറയുകയും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്തതിനാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടിയുണ്ടായിരിക്കുന്നത്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിവരം.

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ പ്രതികരണം നടത്തി കഴിഞ്ഞ ദിവസമാണ് എന്‍ പ്രശാന്ത് രംഗത്തെത്തിയത്. എന്‍ പ്രശാന്ത് എസ്‌സി, എസ്ടി വകുപ്പിന് കീഴിലുള്ള ഉന്നതിയിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു കടന്നാക്രമണത്തിന് പിന്നില്‍. വാര്‍ത്ത പുറത്തുവിട്ടത് ജയതിലക് ആണെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗി ജയതിലകാണെന്നും പ്രശാന്ത് ആക്ഷേപിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അപക്വമായ പെരുമാറ്റമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിക്ക് ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്തത്. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉടനടി കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയതെന്നാണ് സൂചന.

Related Articles

Back to top button