കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തിൽ വെട്ടിലായി സർക്കാർ…

കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ സ്പോൺസറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കായികവകുപ്പും ജിസിഡിഎയും. പിടിച്ചുനിൽക്കാൻ ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്. കരാർ ഉണ്ടെന്ന അവകാശവാദങ്ങളിൽ വ്യക്തത വരുത്താൻ മാധ്യമപ്രവർത്തകരടക്കം വിവരാവകാശനിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

മെസി നവംബറിൽ കേരളത്തിൽ എത്തില്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് കലൂർ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകൾ ചർച്ചയായത്. എന്ത് കരാറിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയർമാനും മന്ത്രിയും ആ കള്ളം പല തവണ ആവർത്തിച്ചു. വാര്‍ത്താസമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോൺസറോട് വിശദാംശങ്ങൾ ചോദിച്ചപ്പോൾ മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവർത്തകർ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടുകയായിരുന്നു.

Related Articles

Back to top button