‘പണമില്ലാത്തതിനാൽ മട്ടൻകറി പകരം നൽകി കഞ്ചാവ് വാങ്ങും’.. ഗോവിന്ദചാമിയുടെ പേരിൽ പുതിയൊരു കേസുകൂടി…
ജയിലിൽനിന്ന് രക്ഷപ്പെടാനായി ഇരുമ്പഴി മുറിച്ചതിന് ഗോവിന്ദച്ചാമിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. ബി സെല്ലിലെ ഇരുമ്പഴിയുടെ അടിഭാഗം അരം പോലുള്ള ആയുധമുപയോഗിച്ച് മുറിച്ചുമാറ്റിയാണ് വെള്ളിയാഴ്ച പുലർച്ചെ 1.35-ന് ഇയാൾ പുറത്തുകടന്നത്. ജയിൽച്ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് തിരിച്ചെത്തിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 7.20-ന് ഇയാളെ വൻസുരക്ഷയിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.സെൻട്രൽ ജയിലിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ യഥേഷ്ടം ലഭിക്കുമെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ ഗോവിന്ദച്ചാമി മൊഴിനൽകിയിട്ടുണ്ട്.കഞ്ചാവ്, മാഹിയിൽനിന്നുള്ള മദ്യം എന്നിവ എത്തിച്ചുനൽകാൻ പ്രത്യേകം ആളുകളുണ്ടെന്നും ഇയാൾ പറഞ്ഞു. കൈയിൽ പണമില്ലാത്തതിനാലും പുറത്തുനിന്ന് ഗൂഗിൾപേ വഴി പണം അയച്ചുനൽകാൻ ആളില്ലാത്തതിനാലും ലഹരിവസ്തുക്കൾ കിട്ടാറില്ല. മട്ടൻകറി ഉൾപ്പെടെയുള്ളവ പകരം നൽകിയാണ് താൻ സഹതടവുകാരിൽനിന്ന് കഞ്ചാവ് വാങ്ങുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. മൊഴി പോലീസ് പൂർണമായി മുഖവിലക്കെടുത്തിട്ടില്ല.


