ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം ആദ്യം അറിഞ്ഞത് ജയിലുദ്യോഗസ്ഥരല്ല.. തടവുകാരുടെ എണ്ണമെടുക്കുന്നതിലും വീഴ്ച..

ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ജയില്‍ ജീവനക്കാരുടെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം ആദ്യ മണിക്കൂറുകളിലൊന്നും ജയില്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതും ജയില്‍ ജീവനക്കാരനല്ല. കണ്ണൂര്‍ ജയിലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്റെ (എസ്‌ഐസിഎ)എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന ട്രെയിനി അസിസ്റ്റന്റ് ജയില്‍ ഓഫീസറാണ് ജയിലിലെ മതിലില്‍ തുണി തൂങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത്.

ഇക്കാര്യം ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നതുവരെ ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് വിദൂരങ്ങളില്‍ പോലും ചിന്തിച്ചിരുന്നില്ല. മാത്രമല്ല, സംഭവ ദിവസം രാത്രി സിസിടി പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്‍ മറ്റൊരു തടവുകാരനെയും കൊണ്ട് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ മോണിറ്റര്‍ ചെയ്യാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. ജോലിയിലെ വീഴ്ച ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തവരില്‍ സിസിടിവി പരിശോധിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥനും ഉണ്ട്. ഗോവിന്ദച്ചാമി രക്ഷപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം ശേഖരിക്കാനും ജയില്‍ ജീവനക്കാര്‍ സഹായിച്ചിരുന്നു. രാഷ്ട്രീയ ബന്ധമുള്ള തടവുകാര്‍ ട്രാക്ക് സ്യൂട്ട് ധരിക്കുന്നു. ഇത് നിയമവിരുദ്ധമാണ്. സന്ദര്‍ശകര്‍ വഴിയാണ് ഇത്തരം വസ്ത്രങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നത്

 ജയിലിലെ എല്ലാ സംവിധാനങ്ങളിലും വലിയ വീഴ്ചയാണുണ്ടായതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഗോവിന്ദച്ചാമി താമസിച്ചിരുന്ന ബ്ലോക്കിലെ തടവുകാരുടെ എണ്ണം ലോക്കപ്പ് ഓഫീസര്‍ എടുത്തപ്പോഴും തടവുകാരനെ കാണാതായ വിവരം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

കണ്ണൂര്‍ ജയിലിലെ തടവുകാരുടെ എണ്ണം എടുക്കാന്‍ പലപ്പോഴും അധികാരികള്‍ക്ക് ഭയമാണ്. പലരും രാഷ്ട്രീയ ബന്ധമുള്ളവരാണ്. അതിനാല്‍ ജയിലിലെ തടവ് പുള്ളിയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ജയില്‍ ജീവനക്കാര്‍ പലപ്പോഴും ശ്രമിക്കാറുള്ളത്. മറ്റ് സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരോട് വരി നില്‍ക്കാന്‍ പറയുകയും സെല്ലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടു പോകുന്നതിന് മുമ്പ് എണ്ണം എടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കണ്ണൂരില്‍ ഇത് കൃത്യമായി പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയമായി ബന്ധമുള്ള തടവുകാരെ പ്രകോപിപ്പിക്കാന്‍ ഒരു വിഭാഗം ജയില്‍ ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നില്ലെന്നും, തടവുകാരോട് വളരെ മയത്തിലാണ് ഉദ്യോഗസ്ഥര്ഡ പെരുമാറുന്നതെന്നും ജയില്‍ വൃത്തങ്ങള്‍ പറയുന്നു

Related Articles

Back to top button