മിണ്ടിയാൽ കൊല്ലുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തി…ആദ്യം കണ്ട ഉണ്ണികൃഷ്ണൻ…
ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ടെത്താനായത് ഉണ്ണികൃഷ്ണൻ എന്ന മുൻ സൈനികന്റെ സമയോചിതമായ ഇടപെടൽ മൂലം. സംശയം തോന്നി കെട്ടിടത്തിന്റെ കിണറ്റിൽ നോക്കിയപ്പോഴാണ് ഉണ്ണികൃഷ്ണൻ ഗോവിന്ദച്ചാമിയെ കണ്ടത്. തന്നെ കണ്ടെത്തി എന്നറിഞ്ഞപ്പോൾ ഗോവിന്ദച്ചാമി ‘മിണ്ടിയാൽ കൊല്ലുമെന്ന്’ പറഞ്ഞ് ഉണ്ണികൃഷ്ണനെ ഭീഷണിപ്പെടുത്തി. എന്നാൽ അതിലൊന്നും പതറാതെ ഉണ്ണികൃഷ്ണൻ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
ഗോവിന്ദച്ചാമി ജയിൽച്ചാടി എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഉണ്ണികൃഷ്ണൻ നാട്ടുകാരോടൊപ്പം തിരച്ചിലിനിറങ്ങിയിരുന്നു. ഇടയ്ക്ക് കൊടുംകുറ്റവാളി പിടിയിലായി എന്ന വാർത്ത പരന്നപ്പോൾ ഉണ്ണികൃഷ്ണനും പൊലീസും വിവരം ലഭിച്ചയിടത്തേക്ക് തിരിച്ചു. എന്നാൽ അത് തെറ്റായിരുന്നുവെന്ന് തെളിഞ്ഞപ്പോൾ ഉണ്ണികൃഷ്ണൻ ആദ്യം തിരച്ചിൽ നടത്തിയിരുന്നയിടത്തേക്ക് തിരിച്ചുവന്നു. തുടർന്ന് സംശയം തോന്നി പരിസരങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ, കയറിൽ പിടിച്ചുതൂങ്ങിയ നിലയിൽ ഗോവിന്ദച്ചാമിയെ കണ്ടത്. തന്നെ കണ്ടെന്ന് മനസ്സിലാക്കിയതോടെ ഗോവിന്ദച്ചാമി ആളുകളെ വിളിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഉണ്ണികൃഷ്ണന്‍ നാട്ടുകാരെയും പൊലീസിനെയും വിളിച്ചുകൂട്ടി.