ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം…വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് വിവരം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യുമെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ നാലരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിനൊടുവില്‍ അല്‍പ്പസമയം മുന്‍പാണ് പിടികൂടിയത്. നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് തൂക്കിയെടുത്ത് പുറത്തെത്തിച്ചു. തുടര്‍ന്ന് പൊലീസ് ട്രെയിനിംഗ് സെന്ററിലെത്തിച്ചു. ഉടന്‍ തന്നെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകും. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.