കേരള വിസി ഇന്ന് ഗവർണറെ കണ്ടേക്കും..ഉദ്ദേശം..

കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് ഗവർണറെ കണ്ടേക്കും. സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച. സർവകലാശാലയിൽ പ്രക്ഷോഭം ശക്തിപ്പെട്ടതിനാൽ രണ്ടാഴ്ചയായി മോഹൻ കുന്നുമ്മലിന് യൂണിവേഴ്സിറ്റിയിലേക്ക് എത്താൻ കഴിയുന്നില്ല. ഇതിനിടെ ഇ-ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് നൽകാൻ അനുമതി തേടി വൈസ് ചാൻസിലർ ഗവർണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്. അഡ്മിൻ ആക്സസ് തനിക്ക് മാത്രമാക്കണമെന്ന വി സി യുടെ ആവശ്യം സ്വകാര്യ പ്രൊവൈഡർമാർ നിരസിച്ചതിന് പിന്നാലെയാണിത്.
അടിയന്തരഘട്ടത്തിൽ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് ചാൻസലറുടെ നീക്കങ്ങൾ. ഈ ഫയൽ സംവിധാനം അട്ടിമറിക്കാനാണ് ചാൻസറുടെ നീക്കമെന്നാണ് ഇടത് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തുന്നത്.
സർവകലാശാലയിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രക്ഷോഭങ്ങൾ തടയാനും പൊലീസ് സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജി ഇന്ന് തന്നെ കോടതിയുടെ മുന്നിലെത്തിക്കാനാണ് നീക്കം. ഇതിനിടെ സിൻഡിക്കേറ്റ് വിളിക്കണമെന്ന കത്ത് തുടർച്ചയായി അവഗണിച്ചാൽ കോടതിയിൽ പോകാൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ആലോചിക്കുന്നുണ്ട്.


