കേരളത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ ബോധവാന്‍.. എന്തിനും ഒപ്പമുണ്ടാകും.. മുഖ്യമന്ത്രിക്ക് ഗവർണറുടെ ഉറപ്പ്….
കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. ഡൽഹി കേരള ഹൗസിൽ നടന്ന ഗവർണറുടെ അത്താഴവിരുന്നിലായിരുന്നു പരാമർശം. രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരളത്തിലെ എംപിമാര്‍ മുന്നോട്ടുപോകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു.
ടീം കേരളയോടൊപ്പം കേരള ഗവര്‍ണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാന്‍ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.