സിപിഎം ഇടപെടൽ ഫലം കണ്ടു..ശിശുക്ഷേമ സമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്തായ ആയമാര്‍ക്ക് വീണ്ടും നിയമനം…

തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്താക്കിയ ആയമാർക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരിൽ ആറുപേരെയാണ് വീണ്ടും സർക്കാർ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടർന്നാണ് ആറുപേർക്കും വീണ്ടും സർക്കാർ നിയമനം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാർ ക്രൂരമായി മർദിച്ച സംഭവമുണ്ടായത്. ഈ സംഭവത്തിന് പിന്നാലെ ആയമാർ ശിശുക്ഷേ സമിതിയിൽ കുട്ടികളെ ആയമാർ ഉപദ്രവിക്കുന്നത് പതിവാണെന്ന വെളിപ്പെടുത്തലടക്കം ഉണ്ടായിരുന്നു. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ആയ വ്യക്തമാക്കിയിരുന്നു.

രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഒമ്പത് ആയമാരെ പിരിച്ചുവിടുകയായിരുന്നു. ഇതിൽ ആറുപേരെയാണ് ഇപ്പോൾ തിരിച്ചെടുക്കുന്നത്. അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടർന്ന് അനാഥരാക്കപ്പെട്ട സഹോദരിമാരിൽ ഒരാൾക്കാണ് ശിശുക്ഷേമ സമിതിയിൽ ദുരനുഭവം ഉണ്ടായത്. കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ നുള്ളി മുറിവേൽപ്പിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാർ മൂന്ന് പേരുമല്ലാതെ നാലാമതൊരാൾ ഒരു ദിവസം കുഞ്ഞിനെ കുളിപ്പിച്ചു.

ഈ സമയത്ത് രഹസ്യഭാഗത്ത് വെള്ളം വീണതോടെ നീറ്റൽ അനുഭവപ്പെട്ട് കുഞ്ഞ് കരഞ്ഞു. കുളിപ്പിച്ച ആയ കുഞ്ഞിൻ്റെ ശരീരം പരിശോധിക്കുകയും മുറിവുകൾ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ വിവരം ശിശുക്ഷേമ സമിതിയിലെ ഉന്നതരെ അറിയിച്ചു. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് വിവരം പൊലീസിനെ അറിയിച്ചത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ പരിചരിച്ച ആയമാരിൽ മൂന്ന് പേർ കുറ്റസമ്മതം നടത്തി. തുടർന്ന് പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button