കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുനാഥന്റെ കുടുംബത്തിന് സർക്കാർ കൈത്താങ്ങ്

കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രഘുനാഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ കൈത്താങ്ങ്. പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. വനം വകുപ്പ് മന്ത്രിയും വകുപ്പ് മേധാവികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടിയന്തര സഹായമായി രഘുനാഥന്റെ കുടുംബത്തിന് പതിനായിരം രൂപ ഉടന്‍ കൈമാറും. രഘുനാഥൻ്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനം വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് പുനലൂര്‍ എംഎല്‍എ പി എസ് സുപാല്‍ പറഞ്ഞു.

 ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായിരുന്നു രഘുനാഥന്‍. ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു രഘുനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button