വിജിലൻസ് പരിശോധന… ജനലിലൂടെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ വാരിയെറിഞ്ഞ് സർക്കാർ ഉദ്യോഗസ്ഥൻ…
അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ പരിശോധന. പരിശോധനയ്ക്കിടെ ജനലിലൂടെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ വാരിയെറിഞ്ഞ് സർക്കാർ ഉദ്യോഗസ്ഥൻ. സംസ്ഥാന റൂറൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് എഞ്ചിനീയറായ ബൈകുണ്ഠ് നാഥ് സാരംഗിയാണ് തന്റെ അപ്പാർട്ട്മെന്റെ ജനലിലൂടെ 500 രൂപ നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് പണമെറിയുന്ന കാഴ്ചയ്ക്ക് ജനക്കൂട്ടം സാക്ഷ്യം വഹിച്ചത്.
വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ, സാരംഗി തന്റെ ഫ്ലാറ്റിൻ്റെ ജനലിലൂടെ നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞ് പണം ഒളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, നാട്ടുകാർ കണ്ടതോടെ, ഈ പണം വിജിലൻസിന് കണ്ടെടുക്കാനായി. അംഗുലിലെ സാരംഗിയുടെ വസതിയിൽ നിന്ന് 1.1 കോടി രൂപയും ഭുവനേശ്വറിലെ ഫ്ലാറ്റിൽ നിന്ന് ഒരു കോടി രൂപയും കണ്ടെത്തി. വരവിൽ കവിഞ്ഞ സ്വത്തുക്കൾ സാരംഗിക്ക് ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് പരിശോധനകൾ നടത്തിയത്. എട്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാരും, 12 ഇൻസ്പെക്ടർമാരും, ആറ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ 26 പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടിച്ചെടുത്ത പണം എണ്ണുന്നത് ഇപ്പോഴും തുടരുകയാണ്.
ഇദ്ദേഹത്തിൽ നിന്ന് 2 കോടിയിലധികം രൂപ പണമായി വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ പൊതുമരാമത്ത് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് എഞ്ചിനീയർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. ഒഡീഷയിലെ അംഗുൽ, ഭുവനേശ്വർ, പിപിളി (പുരി) എന്നിവിടങ്ങളിലായി ഏഴ് സ്ഥലങ്ങളിൽ വിജിലൻസ് വിഭാഗം ഒരേസമയം നടത്തിയ റെയ്ഡിലാണ് 2.1 കോടി രൂപയോളം പണം പിടിച്ചെടുത്തത്.