ചികിത്സാപിഴവ് പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ല; സർജറി ചെയ്തത് ഡോ. ഷാഹിതയെന്ന് വണ്ടാനം മെഡിക്കൽ കോളേജ്

വയറ്റിൽ മുഴയുമായാണ് ഉഷ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ വന്നതെന്ന് പ്രിൻസിപ്പൽ ഡോക്ടർ. ബി പത്മകുമാർ. വളരെ വലിയ മുഴ ആയതിനാലാണ് സർജറി നടത്തിയത്. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അഡ്മിറ്റാകാൻ കഴിയില്ലെന്ന് പറഞ്ഞത് അവർ തന്നെയാണ്. അതിന് തയ്യാറായല്ലെന്നും പിന്നീട് വരാമെന്ന് പറഞ്ഞുവെന്നും പ്രിൻസിപ്പൽ ബി പത്മകുമാർ പറഞ്ഞു. വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും, ഡോ ഷാഹിതയാണെന്നും കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും, പ്രിൻസിപ്പലും വ്യക്തമാക്കി.
വിഷയം ഗൗരവമായി തന്നെ എടുക്കുകയാണ്. സർജറി നടന്നത് കോവിഡ് സമയത്താണ്. 10.05.2021ലാണ് ആദ്യ ചികിത്സ നടത്തിയത്. പിന്നീട് 12.05.2021ൽ സർജറി നടന്നു. 15-ാം തിയ്യതി ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തിരമായി റിപ്പോർട്ട് നൽകും. സർജറിക്ക് നേതൃത്വം നൽകിയത് ഡോക്ടർ ഷാഹിതയാണ്. അവരിപ്പോൾ സർവീസിൽ ഉണ്ട്. വിഷയം പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തത്. അവരാണ് പിന്നീട് വരാമെന്ന് പറഞ്ഞത്.
കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും സർജറിക്ക് മുൻപും പിൻപും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമത് നടന്നത് വലിയ സർജറിയാണ്. ഉപകരണം അകത്ത് ഉണ്ടായിരുന്നെങ്കിൽ കാണേണ്ടതാണ്. ഗയ്ഡ് ലൈൻ അനുസരിച്ച് സർജറി ചെയ്യുന്നതിനുള്ള ആളുകൾ ഇല്ലായിരുന്നു. ഫംഗ്ഷൻ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഡോ ഷാഹിത ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടർമാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലർ സർവീസിൽ ഇല്ല. അന്നത്തെ എച്ച്ഒഡി ഡോ ലളിതാംബികയുടെ യുണിറ്റ് ആണ് സർജറി നടത്തിയതെന്നും വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.




