മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം…കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്…
students clash in konni ksrtc stand
പത്തനംതിട്ട കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികള്‍ തമ്മിലടിച്ചു. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികളുമാണ് ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. കെഎസ്ആർടിസി ബസ്റ്റാന്‍റിൽവെച്ച് മറ്റ് യാത്രക്കാർ നോക്കി നിൽക്കെയാണ് വിദ്യാർഥികൾ തമ്മിലടിച്ചത്. ബസ് സ്റ്റാൻറ് പരിസരത്ത് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
യൂണിഫോമിലാണ് കുട്ടികൾ തമ്മിലടിച്ചത്. മോഡൽ പരീക്ഷയ്ക്ക് വേണ്ടി സ്കൂളടക്കുന്ന ദിവസമാണ് സംഘർഷം നടന്നത്. സ്കൂളിലെ പ്രശ്നമല്ലെന്നും പുറത്ത് വെച്ച് കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് തമ്മിലടിയിലേക്ക് എത്തിയതെന്നാണ് വിവരം. 50 ഓളം വിദ്യാർഥികളാണ് പൊതു സ്ഥലത്ത് പരസ്പരം ആക്രമിക്കാനെത്തിയത്. സ്റ്റാന്‍റിലെത്തിയ വിദ്യാർഥികളിലൊരാൾ ഒരു കുട്ടിയുടെ മുഖത്തടിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഒടുവിൽ നാട്ടുകാരെത്തിയാണ് ഇവരെ പിരിച്ച് വിട്ടത്. സഭവത്തിൽ പൊലീസ് ഇടണമെന്നും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ ഇനി ഉണ്ടാകാൻ പാടില്ലെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.