5 കിലോയുടെ ചെറിയ എൽപിജി സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രസർക്കാർ

രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി 5 കിലോയുടെ ചെറിയ എൽപിജി സിലിണ്ടർ വിതരണം ശക്തമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകൾ ഇത്തരത്തിൽ വിറ്റഴിച്ചു. സാധുവായ തിരിച്ചറിയൽ രേഖയുമായെത്തിയാൽ ഗ്യാസ് ഏജൻസികളിൽ നിന്ന് നേരിട്ട് ഈ സിലിണ്ടറുകൾ വാങ്ങാം. സാധാരണ 14.2 കിലോ സിലിണ്ടറുകൾക്ക് വേണ്ടത് പോലെ ഇതിനു മേൽവിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ല.

ഏപ്രിൽ 4ന് മാത്രം 90,000 ത്തിലധികം സിലിണ്ടറുകൾ വിറ്റു. മാർച്ച് 23 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ ഇത് 6.6 ലക്ഷം വരും. വിപണി വിലയ്ക്കാണ് ഇവ വിൽക്കുന്നത്. രാജ്യത്ത് പാചകവാതകത്തിനു ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഒരു ദിവസം 51 ലക്ഷത്തിലധികം സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 95 ശതമാനവും ഓൺലൈൻ ബുക്കിങ് വഴിയാണെന്നും മന്ത്രാലയം പറയുന്നു.

ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനുമെതിരെ കർശന നടപടിയാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. മാർച്ചിൽ മാത്രം 50,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. വീഴ്ച വരുത്തിയ 1,400 വിതരണക്കാർക്ക് നോട്ടിസ് നൽകുകയും 36 ഏജൻസികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പാചകവാതക വിതരണത്തിൽ മുൻഗണന നൽകുന്നത്. അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണം 70 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വീടുകൾക്കും ഗതാഗത മേഖലയ്ക്കും ആവശ്യമായ പ്രകൃതി വാതക വിതരണം തടസമില്ലാതെ തുടരുന്നു. വളം നിർമാണ ശാലകൾക്കുള്ള വിതരണം ഏപ്രിൽ 6 മുതൽ 90 ശതമാനമായി ഉയർത്തും. രാജ്യത്തെ എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ പമ്പുകളിൽ മതിയായ സ്റ്റോക്ക് ഉണ്ടെന്നും സർക്കാർ അറിയിച്ചു. അതിനാൽ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Related Articles

Back to top button