ഗോവർധൻ സാക്ഷിയാകും; സ്വർണം ശബരിമലയിലേതെന്ന് അറിഞ്ഞില്ലെന്ന് മൊഴി; കൈമാറിയത് നാണയരൂപത്തിൽ

ശബരിമല സ്വർണക്കൊള്ളയിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കും. നിയമോപദേശം തേടാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമലയിൽ നിന്നും കടത്തിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനാണ് വിറ്റത്. ശബരിമലയിലെ സ്വർണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവർധൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. 2020 ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധന് സ്വർണം വിറ്റതെന്നും അന്വേഷണസംഘം കണ്ടെത്തി.
476 ഗ്രാം സ്വർണമാണ് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത്. ഇതിൽ 400 ഗ്രാമിൽ അധികം സ്വർണം എസ്‌ഐടി ഗോവർധന്റെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി നാണയങ്ങളുടെ രൂപത്തിൽ നൽകിയ സ്വർണം സ്വർണക്കട്ടികളാക്കി മാറ്റുകയായിരുന്നു. കട്ടിയുടെ രൂപത്തിലാണ് സംഘം ജ്വല്ലറിയിൽ നിന്നും സ്വർണം കണ്ടെത്തിയത്. കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ പൊതുമുതൽ മോഷ്ടിച്ചുവിറ്റെന്ന കുറ്റവും ചുമത്തും. പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണനാണയങ്ങളും കണ്ടെടുത്തിരുന്നു. ഇത് മോഷണമുതലാണോ എന്നതിൽ എസ്‌ഐടി പരിശോധിക്കും.
അതിനിടെ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റി താമസിച്ച അപ്പാർട്ട്‌മെന്റിൽ എസ്‌ഐടി പരിശോധന നടത്തുകയാണ്. മകൻ അവിടെ താമസിക്കുന്നതായാണ് വിവരം. ശ്രീറാംപുര അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ചാണ് ഗോവർധൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തിയിരുന്നു.



