എല്ലാവരുടെയും പിന്തുണ കിട്ടി; രാവിലെ നടന്നത് വൈകാരികമായി പറഞ്ഞത്,  മലക്കംമറിഞ്ഞ് മേയർ വി കെ മിനിമോൾ 

മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മേയർ വി കെ മിനിമോൾ. തനിക്ക് എല്ലാവരുടെയും പിന്തുണ കിട്ടിയെന്നും രാവിലെ നടന്നത് വൈകാരികമായി പറഞ്ഞതാണെന്നും വി കെ മിനിമോൾ പറഞ്ഞു. എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചു. പാർട്ടി പരിഗണിച്ചത് തന്റെ സീനിയോരിറ്റിയും, കഴിവുമാണെന്നും അനഅർഹതയുടെ പ്രശ്നമില്ലെന്നും വികെ മിനിമോൾ പറഞ്ഞു.

കൊച്ചിയിൽ നടന്ന കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയിലായിരുന്നു മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന് മേയർ വി കെ മിനിമോൾ‌ പറഞ്ഞത്. മേയർ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാർ സംസാരിച്ചുവെന്നും അർഹയ്ക്ക് അപ്പുറം തനിക്ക് സമാനിച്ചുവെന്നുമായിരുന്നു മിനിമോൾ രാവിലെ പറഞ്ഞത്.

അതേസമയം വികെ മിനിമോളുടെ പ്രതികരണത്തിന് പിന്നാലെ ഒളിയമ്പുമായി ദീപ്‌തി മേരി വർഗീസും രംഗത്തെത്തിയിരുന്നു. ആർക്കെങ്കിലും പ്രത്യേക പരിഗണന നൽകുന്നത് ഭരണഘടന വിരുദ്ധമെന്ന് ദീപ്‌തി മേരി വർഗീസ് പറഞ്ഞു. കൊച്ചി മേയറായി വി.കെ. മിനിമോളുടെ വിജയത്തിന് സഭയും സഹായിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.

ദീപ്‌തി  മേരി വർഗീസ്, വി കെ മിനി മോൾ ,ഷൈനി മാത്യു എന്നി പേരുകളാണ് ആദ്യ ഘട്ടത്തിൽ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചത്. മേയർ സ്ഥാനം ലത്തീൻ സമുദായത്തിൽ നിന്ന് വേണമെന്ന് ആവശ്യം ഉയർന്നതോടെ ചർച്ച വികെ മിനിമോളിലും, ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുന്നിലുള്ളപ്പോഴാണ് മേയർ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം വന്നത്.

Related Articles

Back to top button