അന്ന് 90000 രൂപ വില, ഇന്ന് 13 ലക്ഷം..കുളത്തിൻകര ഭദ്രകാളി ദേവീക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണവും വെള്ളി ചിലമ്പും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിരികെയെത്തി…

പാച്ചല്ലൂർ കുളത്തിൻകര ഭദ്രകാളി ദേവീക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണവും വെള്ളി ചിലമ്പും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിരികെയെത്തി. 31 വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ആഭരങ്ങളും ചിലമ്പും ക്ഷേത്രം അധികൃതർക്ക് കൈമാറിയത്. ഇന്നലെ വൈകിട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകടമ്പടിയിൽ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ലഭിച്ച തിരുമുടിയിലെ ആഭരണങ്ങളേറ്റു വാങ്ങുന്ന ചടങ്ങ് ഭക്തരും ആഘോഷമാക്കി

മോഷ്ടിച്ച സ്വർണം ഉരുക്കി ആഭരണങ്ങളാക്കിയ നിലയിലാണ് ലഭിച്ചതെന്നതിനാൽ ഇനി എന്ത് ചെയ്യണമെന്ന് ഭരണ സമിതി ചേർന്ന് തീരുമാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കവർച്ച നടന്നപ്പോൾ 90,000 രൂപയായിരുന്നു ആഭരണങ്ങളുടെ വിലയായി കരുതിയിരുന്നതെങ്കിൽ ഇന്ന് ഏകദേശം 13 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളാണ് തിരികെ ലഭിച്ചിരിക്കുന്നത്. പലതും മുറിച്ചും മാറ്റ് കുറച്ചും പണിത നിലയിലാണ്. മറ്റ് ആഭരണങ്ങളാക്കി മാറ്റിയ സ്വർണം പൊലീസ് അന്ന് സ്വർണപ്പണിക്കാരനിൽ നിന്നൊക്കെയായാണ് കണ്ടെത്തിയിരുന്നത്.

കോളിളക്കമുണ്ടാക്കിയ ക്ഷേത്ര കവർച്ച നടന്നത് 1994 ഓഗസ്റ്റ് രണ്ടിന് പുലർച്ചെയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടർ ബി ശശിധരന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുവല്ലം സ്വദേശികളായ സഹോദരങ്ങൾ ഉദയകുമാർ, സുരേഷ്‌ കുമാർ, പാച്ചല്ലൂർ സ്വദേശി അനിൽ കുമാർ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തി. ഒരു വർഷത്തിന് ശേഷം ഉദയ കുമാറും സുരേഷ് കുമാറും അറസ്റ്റിലായി. എന്നാൽ രണ്ടാം പ്രതി അനിൽ കുമാർ മോഷ്ടിച്ച രത്നകല്ലുകളുമായി മാലിയിലേക്ക് കടന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. അറസ്റ്റിലായ രണ്ട് പ്രതികളെ നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചു

Related Articles

Back to top button