ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായി… മലബാർ ദേവസ്വത്തിലും സ്വർണ്ണത്തിരിമറി..

മലബാർ ദേവസ്വത്തിലും സ്വർണ്ണത്തിരിമറിയെന്ന് ആരോപണം. കോഴിക്കോട് ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായി. മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സ്വർണം തിരിച്ച് ഏൽപ്പിച്ചില്ലെന്നാണ് പരാതി. ഇരുപത് പവനിലധികം സ്വർണം കാണാതായതിൽ മലബാർ ദേവസ്വം ബോർഡ് അന്വേഷണമാരംഭിച്ചു.

2023-ൽ സ്ഥലം മാറിയ എക്സിക്യൂട്ടീവ് ഓഫീസർ സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നതോടെ സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലേക്ക് തിരിച്ച് വിളിപ്പിച്ചു. ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയതിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

നഷ്ടപ്പെട്ട സ്വർണം തിരികെ ഏൽപിക്കാൻ ഈ മാസം മൂന്ന് വരെ സമയം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥൻ ക്ഷേത്രത്തിലെത്തിയില്ല. നാളെ വെരിഫിക്കേഷൻ ഓഫീസർ വീണ്ടും ക്ഷേത്രത്തിലെത്തും. സ്വർണം തിരിച്ചെത്തിച്ചില്ലെങ്കിൽ നടപടിയെടുക്കാനാണ് തീരുമാനം. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സ്ഥലം മാറി പോകുന്ന ഘട്ടത്തിൽ ആസ്തി പരിശോധിച്ചുറപ്പ് വരുത്തുന്നതിൽ പുതുതായി ചാർജെടുത്ത ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ വീഴ്ച വരുത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Back to top button