വളർത്തുമൃഗങ്ങൾക്കായി നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സ്‍മാർട്ട്‌ഫോൺ! ‘പെറ്റ്ഫോൺ’ പുറത്തിറങ്ങി..

ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഏതെങ്കിലും ഒരു വളർത്തു മൃഗമെങ്കിലും ഉണ്ടായിരിക്കും. മിക്ക ആളുകൾക്കും വളർത്തുമൃഗങ്ങളെ ഇഷ്ടമാണ്. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് പലർക്കും വളർത്തുമൃഗങ്ങൾ. അവയ്ക്ക് നാം മികച്ച ആഹാരവും മികച്ച പരിപാലനവും സൗര്യങ്ങളുമൊക്കെ നൽകാറുണ്ട്. പലരും തങ്ങളുടെ യാത്രയിലും മറ്റും വളർത്തുമൃഗങ്ങളെയും ഒരുക്കി കൊണ്ടുപോകാറുണ്ട്. നമ്മൾ റീലുകളിലും മറ്റും കണ്ടിട്ടുണ്ട് പൂച്ചയും പട്ടിയുമൊക്കെ ഫോണിൽ വിഡിയോകൾ കാണുന്നത്. ഇത് സത്യം തന്നെയാണോ എന്ന് പലർക്കും ഉള്ള സംശയമാണ്. എന്നാലിതാ വളർത്തുമൃഗങ്ങൾക്കായുള്ള ലോകത്തിലെ ആദ്യ സ്‍മാർട്ട്ഫോൺ ഇപ്പോൾ ലോഞ്ച് ചെയ്‌തിരിക്കുകയാണ്. ‘പെറ്റ്‌ഫോൺ’ എന്ന പേരിൽ ആഗോള ടെക് കമ്പനിയായ ഗ്ലോക്കൽമീ ആണ് വളർത്തുമൃഗങ്ങൾക്കായി പ്രത്യേകം സ്‍മാർട്ട്ഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വളർത്തു മൃഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉപകരണം വഴി അവയുടെ ഉടമകൾക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയും. കുരയ്ക്കുന്നത് പോലുള്ള വിവിധ വളർത്തുമൃഗങ്ങളുടെ പ്രവർത്തനങ്ങൾ പെറ്റ്‌ഫോണിന് തിരിച്ചറിയാനും കഴിയും. വളർത്തുമൃഗങ്ങളുടെ ശബ്‌ദങ്ങൾ തിരിച്ചറിയുന്ന ഒരു കോളറിന്‍റെ രൂപത്തിലാണ് പെറ്റ്‌ഫോൺ വരുന്നത്. ഇതുവഴിയാണ് ആശയ വിനിമയം നടത്തുന്നത്. ഇതിന്‍റെ സഹായത്തോടെ, വളർത്തുമൃഗ ഉടമകൾക്ക് അവരുടെ മൃഗങ്ങളുടെ മാനസികാവസ്ഥ ട്രാക്ക് ചെയ്യാനും പാവ്‌ടോക്ക്, സൗണ്ട് പ്ലേ സവിശേഷത എന്നിവയുടെ സഹായത്തോടെ അവയെ ബന്ധപ്പെടാനും കഴിയും.

നടത്തം, യാത്ര, ഔട്ടിംഗുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ പോലും പെറ്റ്‍ഫോൺ സ്ഥിരതയുള്ള പൊസിഷനിംഗും ലൈവ് ടു-വേ കോളിംഗും നൽകുന്നു. ആറ് ലെയറുകളുള്ള കൃത്യമായ പൊസിഷനിംഗും എഐ പെരുമാറ്റ തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ച്, ചലിച്ചുകൊണ്ടിരിക്കുന്ന വളർത്തുമൃഗങ്ങളുടെ ഉയർന്ന കൃത്യതയുള്ള ട്രാക്കിംഗ് പെറ്റ്‍ഫോൺ നിലനിർത്തുന്നു. കൂടാതെ വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ ഉടമകളെ കോൾ ചെയ്യാനും ഈ ഫോൺ അനുവദിക്കുന്നു. വളർത്തുമൃഗങ്ങളുടെ ശബ്‍ദങ്ങൾ കേൾക്കാനും അവയോട് പ്രതികരിക്കാനും ഈ സ്‍മാർട്ട്ഫോൺ സഹായിക്കുന്നു. വളർത്തുമൃഗങ്ങൾ സുരക്ഷിത മേഖലയ്ക്ക് പുറത്ത് പോയാൽ, ഉടൻ മുന്നറിയിപ്പ് ലഭിക്കും.

ജിപിഎസ്, എജിപിഎസ്, എൽബിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത്, ആക്ടീവ് റഡാർ എന്നീ ഫീച്ചറുകൾ പെറ്റ്‌ഫോണിൽ ഉൾപ്പെടുത്തിയതിനാൽ ലൈവ് ലൊക്കേഷൻ ട്രാക്കിംഗും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ മൃഗങ്ങളെ മിസ്സ് ആയാൽ പെട്ടെന്ന് കണ്ടെത്താൻ കഴിയും. അത് മാത്രമല്ല വളർത്തുമൃഗ ഉടമകൾക്ക് ഒരു സോഷ്യൽ കമ്മ്യൂണിറ്റിയിൽ ചേരാനും അവരുടെ വളർത്തുമൃഗങ്ങളുടെ പ്രത്യേക നിമിഷങ്ങൾ പങ്കിടാനും അവയുടെ ആരോഗ്യം, പതിവ് പ്രവർത്തനങ്ങൾ, സേവന പദ്ധതികൾ എന്നിവ ട്രാക്ക് ചെയ്യാനും കഴിയും. ഈ പെറ്റ്ഫോൺ ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത് ട്രാക്കിംഗ് തുടങ്ങിയ ഫീച്ചറുകളുമായി വരുന്നു.

ഇതിൽ ഇൻബിൽറ്റ് ലൈറ്റ് ആൻഡ് റിംഗ്‌ടോൺ സവിശേഷതയുണ്ട്. അതിനാൽ ഇരുട്ടിൽ പോലും വളർത്തുമൃഗത്തെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഇത് ക്ലൗഡ്‍ സിമ്മിനെ പിന്തുണയ്ക്കുന്നു, കൂടാതെ ഐപി68 റേറ്റിംഗും ഉള്ളതിനാൽ ഇത് പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും.

കഴിഞ്ഞ ദിവസം ഹോങ്കോങ്ങിൽ ഈ പെറ്റ്‌ഫോണിന്‍റെ ലോഞ്ച് പരിപാടി സംഘടിപ്പിച്ചു. 2025 മാർച്ചിൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC)ൽ ആണ് പെറ്റ്ഫോൺ ആദ്യമായി പ്രദർശിപ്പിച്ചത്. 200ൽ അധികം രാജ്യങ്ങളിൽ പെറ്റ്ഫോൺ ഉപയോഗിക്കാൻ കഴിയും. ആഗോള മൊബൈൽ കണക്റ്റിവിറ്റി ബ്രാൻഡായ യുക്ലൗഡ് ലിങ്ക് ഗ്രൂപ്പിന്‍റെയും മൊബൈൽ കമ്മ്യൂണിക്കേഷൻസ് ബ്രാൻഡായ സിഎസ്എൽ മൊബൈൽ ലിമിറ്റഡിന്‍റെയും പ്രതിനിധികൾ സംയുക്തമായി പെറ്റ്‍ഫോണിന്‍റെ വിൽപ്പന ലോഞ്ച് ഉദ്ഘാടനം ചെയ്‌തു.

Related Articles

Back to top button