രജിസ്റ്റർ ചെയ്തത് 4245 പേർ, എത്തിയത് 623 പേർ മാത്രം; അയ്യപ്പ സംഗമത്തിന് പ്രതീക്ഷിച്ച ആളെത്തിയില്ല

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് പ്രതീക്ഷിച്ചതിനേക്കാൾ കുറവ് ആളുകൾ. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത 4245 പേരിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്. ദേവസ്വംബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറോളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. അതേസമയം രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നു.

ഓൺലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ 623 പേർ മാത്രമാണ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത ശേഷം സംഗമത്തിൽ എത്തി പരിപാടിയിൽ പങ്കെടുത്തത്. അഞ്ഞൂറോളം പേരെ ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ചിരുന്നു. ഇവരെ കൂടി ചേർത്ത് ആയിരത്ത് ഇരുന്നൂറോളം പേർ ക്ഷണിതാക്കളായി പങ്കെടുത്തുവെന്നാണ് വിവരം. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം കഴിഞ്ഞ ശേഷമുള്ള കണക്കാണ് ഇത്.

ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യം വെച്ചത്. അത് അർത്ഥപൂർണമാകുന്ന അവസ്ഥയിൽ എത്തിച്ചേർന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ സമാപന സമ്മേളന പ്രസംഗത്തിൽ പറഞ്ഞു.

മാസ്റ്റർപ്ലാൻ സംബന്ധിച്ച് നടന്ന ചർച്ചാ വേദിയിൽ 652 പേർ പങ്കെടുത്തുവെന്നാണ് മന്ത്രി അറിയിക്കുന്നത്. ക്രൗഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ചർച്ചയിൽ 250-ലധികം ആളുകളിൽ പങ്കെടുത്തു. മൂന്നാമത്തെ സെഷനിൽ 300ലേറെ പേർ പങ്കെടുത്തുവെന്നാണ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു..

‘അന്തിമകണക്കുകൾ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ചിട്ടില്ല. എണ്ണത്തിലല്ല പ്രധാനം ഗുണത്തിലാണ്’ എന്നായിരുന്നു സിപിഎം നേതാവ് കെ. അനിൽകുമാർ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. പലരും ഓൺലൈനിലാണ് സന്നദ്ധത പ്രകടിപ്പിച്ചത്. താത്പര്യമുള്ള ആളുകൾ വന്നിട്ടുണ്ട്. അവരിൽ നിന്ന് വിലപ്പെട്ട നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് ഇത് മുമ്പോട്ട് പോകുമെന്ന് അനിൽ കുമാർ പറഞ്ഞു

Back to top button