അയ്യപ്പ സംഗമത്തിന് തുടക്കം.. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയത് ഒരേ കാറില്‍. മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക വാഹനത്തിലാണ് വെള്ളാപ്പള്ളി പമ്പയില്‍ എത്തിയത്. ദേവസ്വം മന്ത്രി വിഎന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും സ്വീകരിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചു. മന്ത്രി വി എന്‍ വാസവന് അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന് എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.