രാഹുലിനെ ശബരിമലയിൽ എത്തിക്കാൻ കോൺഗ്രസ്..

ആഗോള അയ്യപ്പസംഗമത്തിൽ നിന്നു വിട്ടുനിന്ന കോൺഗ്രസ് നിലപാടിനെതിരെ പാർട്ടിക്കുള്ളിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ, രാഹുൽ ഗാന്ധിയെ രംഗത്തിറക്കി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കവുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ ശബരിമലയിൽ എത്തിക്കാനോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്ന കൺവെൻഷനിൽ പങ്കെടുപ്പിക്കാനാ ആണ് ഒരു വിഭാഗം നേതാക്കൾ ലക്ഷ്യമിടുന്നത്. ഇക്കാര്യം യുഡിഎഫ് നേതാക്കൾ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം രാഹുലിനെ അറിയിച്ചതായി മുതിർന്ന യുഡിഎഫ് നേതാവ് പറഞ്ഞു. നിലവിൽ യുഡിഎഫിന് അകത്ത് നേതൃപരമായ ശൂന്യതയുണ്ട്. എൻഎസ്എസ് ഉൾപ്പടെയുള്ള സമുദായ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിവുള്ള നേതാക്കളില്ലെന്നും ശബരിമല പ്രക്ഷോഭ കാലഘട്ടത്തിൽ ചെയ്തതുപോലെ ഹിന്ദുവികാരങ്ങൾ ഉൾക്കൊളേളണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പെട്ടന്നുള്ള രാഷ്ട്രീയ സന്ദർശനം രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെക്കുമെന്നതിനാൽ മണ്ഡല മകരവിളക്ക് കാലത്ത് അദ്ദേഹത്തെ ശബരിമലയിൽ എത്തിക്കാനാണ് ആലോചന. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. സംഗമത്തോട് സഹകരിച്ചില്ലെങ്കിലും ചില നേതാക്കളുടെ പെരുമാറ്റം തങ്ങൾ അയ്യപ്പ സംഗമം ബഹിഷ്കരിക്കുന്നുവെന്ന സന്ദേശമാണ് നൽകിയത്. തങ്ങളുടെ പ്രവർത്തകർക്ക് ആവശ്യമെങ്കിൽ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാമെന്ന നിർദേശം നൽകാൻ കഴിഞ്ഞില്ലെന്ന് മറ്റൈാരു നേതാവ് പറഞ്ഞു.

രാഹുൽ പതിവായി ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനാൽ ശബരിമല സന്ദർശനവും ആളുകൾ രാഷ്ട്രീയ ലക്ഷ്യമെന്ന രീതിയിൽ കാണില്ലെന്നും നേതാക്കൾ കണക്കൂകൂട്ടുന്നു. ശബരിമല വിഷയത്തിൽ അദ്ദേഹം ഒന്നും പറയേണ്ടതില്ല. സന്ദർശനത്തിന് ആയിരം വാക്കുകളുടെ ശക്തിയുണ്ടാകുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ചില ന്യൂനപക്ഷ സമുദായ നേതാക്കളെ മാത്രം സന്ദർശിക്കുന്നുവെന്ന പ്രിയങ്കയ്‌ക്കെതിരായ ആക്ഷേപത്തിനും ഇതോടെ പരിഹാരമാകുമെന്നും നേതാക്കൾ കരുതുന്നു.

അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിലും പാർട്ടിക്കുള്ളിലും യുഡിഎഫിലും ഭിന്നതയുണ്ട്. സംഗമം നടത്തിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. ഇതിനെ എങ്ങനെ ഭൂരിപക്ഷ പ്രീണനം എന്നുപറയാനാകുമെന്ന് ഒരുവിഭാഗം നേതാക്കൾ ചോദിക്കുന്നു.

Related Articles

Back to top button