ഹിജാബ് വലിച്ചൂരി മുസ്ലിം യുവതിക്ക് അധിക്ഷേപം.. യുവാവിനെ ഒപ്പം കണ്ടത് പ്രകോപനം…
പൊതുസ്ഥലത്ത് മുസ്ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി ഒരുസംഘം. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം കയ്യേറ്റം ചെയ്തു.ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.മുസഫർനഗറിലെ ഖലാപറിൽ വെച്ചാണ് ഫർഹീൻ എന്ന 20കാരിയും സചിൻ എന്ന സുഹൃത്തും അതിക്രമത്തിന് ഇരയായത്. യുവതിക്കൊപ്പം ഈ യുവാവിനെ കണ്ടതാണ് പ്രകോപനമായത് എന്നാണ് പോലീസ് വിശദീകരണം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആണ് സംഭവം പുറത്തറിഞ്ഞത്.
നിസഹായയായ യുവതിയെ ഒരുസംഘം യുവാക്കൾ തടഞ്ഞുവച്ചപ്പോൾ പ്രായമായ ഒരാൾ പിന്നിൽ നിന്ന് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മുന്നോട്ട് നീങ്ങി രക്ഷപെടാൻ ഫർഹീൻ ശ്രമിക്കുമ്പോൾ വിടാതെ ഇയാൾ ഹിജാബിൽ പിടിച്ചുവലിക്കുകയാണ്. വലതുകയ്യിലിരുന്ന മൊബൈൽ ഫോണിൽ ഇയാൾ ഇതെല്ലാം ഷൂട്ടു ചെയ്യുന്നുമുണ്ട്. ഒപ്പം ആർത്തുവിളിച്ച് യുവാക്കളുടെ സംഘവും യുവതിയെ വലയം ചെയ്തിരിക്കുന്നത് കാണാം. ഇവരെല്ലാം ഫോൺ നീട്ടിപ്പിടിച്ച് ഷൂട്ടുചെയ്യുന്നുണ്ട്.
പ്രത്യക്ഷത്തിൽ തന്നെ അതീവ നീചമെന്ന് വ്യക്തമാകുന്ന ഈ ദൃശ്യങ്ങൾ ഇതുവഴി കടന്നുപോയ ഒരാൾ പകർത്തി പുറത്തുവിട്ടതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപെടുന്നത്. വ്യാപക പ്രതിഷേധം ഉയർന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു.