ആറ് വയസുകാരി അബദ്ധത്തിൽ ടെറസിൽ നിന്ന് വീണതാണെന്ന് എല്ലാവരും കരുതി.. പക്ഷേ അയൽവീട്ടിലെ സിസിടിവി ദൃശ്യം വഴിത്തിരിവായി.. പിടിയിലായത്…
ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കുട്ടിയുടെ രണ്ടാനമ്മയെന്ന് കണ്ടെത്തി.ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിലായി. കർണാടകയിലെ ബീദാർ സ്വദേശിനിയായ രാധയാണ് പിടിയിലായത്.ഓഗസ്റ്റ് 27-ന് മൂന്ന് നില കെട്ടിടത്തിന്റെ ടെറസിൽ കളിക്കുന്നതിനിടെ സാൻവി അബദ്ധത്തിൽ വീണതാണെന്നാണ് രാധ ഭർത്താവ് സിധാന്തിനോട് പറഞ്ഞത്. സംശയമൊന്നും തോന്നാതിരുന്നതിനാൽ മകൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് അച്ഛൻ സിധാന്ത് പൊലീസിൽ അറിയിച്ചു.
രക്തത്തിൽ കുളിച്ചു കിടന്ന സാൻവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്.എന്നാൽ അയൽവാസി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. സാൻവിയുടെ രണ്ടാനമ്മയായ രാധ കളിക്കാനെന്ന വ്യാജേന കുട്ടിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതും കസേരയിൽ നിർത്തി ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ശേഷം രാധ തിടുക്കത്തിൽ വീടിനകത്തേക്ക് ഓടിപ്പോവുന്നതും ദൃശ്യത്തിലുണ്ട്.
ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ രാധയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സിധാന്തിന് സാൻവിയോടുള്ള സ്നേഹം തനിക്ക് സഹിക്കാനായില്ലെന്നാണ് രാധ നൽകിയ മൊഴി. സ്വത്ത് തന്റെ രണ്ട് മക്കൾക്കു മാത്രമായി കിട്ടണമെന്ന് ആഗ്രഹിച്ചെന്നും രാധ പൊലീസിനോട് പറഞ്ഞു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് രാധയെ അറസ്റ്റ് ചെയ്തു. 2019ൽ സാൻവിയുടെ അമ്മ മരിച്ചതോടെ 2023ലാണ് സിധാന്ത് രാധയെ വിവാഹം ചെയ്തത്.