ഇടുക്കിയിൽ അനധികൃത ഖനനം 65 ഇടങ്ങളിൽ, 44 പാറമടകളും ഇടുക്കി താലൂക്കിൽ, പട്ടിക പുറത്ത്…
നിയമങ്ങൾ ലംഘിച്ച് ഇടുക്കിയിലെ മലയോരത്ത് വ്യാപക ഖനനമെന്ന് കണക്കുകൾ. ജില്ലയിൽ 65 ഇടങ്ങളിലാണ് അനധികൃത ഖനനം നടക്കുന്നതെന്നാണ് ജിയോളജി വകുപ്പിന്‍റെ കണ്ടെത്തൽ. അതീവ പരിസ്ഥിതി ദുർബല മേഖലയിലാണ് പല ഖനനങ്ങളും നടക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.നിയമാനുസൃത ഖനനത്തിന് പോലും നിയന്ത്രണങ്ങളുണ്ട് ഇടുക്കിയിൽ. അപ്പോഴാണ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയുളള വ്യാപക ഖനനം. ഇടുക്കിയിലെ പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലായി കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം നടന്ന് 65 ചട്ടലംഘനങ്ങൾ. ഇതിൽ 44 പാറമടകളും ഇടുക്കി താലൂക്കിൽ.
ഉടുമ്പൻചോല 10, പീരുമേട് 9, ദേവികുളം 2 എന്നാണ് കണക്കുകൾ. പലയിടത്തും ഖനനം നടക്കുന്നത് സർക്കാർ ഭൂമയിൽ. ഇടുക്കി താലൂക്കിൽ ജിയോളജി വകുപ്പ് നടത്തിയ അന്വേഷണത്തിൽ സിപിഎം ജില്ല സെക്രട്ടറി സി. വി വർഗ്ഗീസിന്‍റെ മരുമകൻ സജിത്ത് കെ എസ് സർക്കാർ ഭൂമിയിൽ നിന്ന് റോഡ് നിർമ്മാണത്തിന്‍റെ പേരിൽ വൻതോതിൽ പാറപൊട്ടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സജിത്തിന്‍റേതുൾപ്പെടെ അനധികൃത ഖനനത്തിനെതിരെ പരാതികളുണ്ടായിരുന്നെങ്കിലും ഇതുൾപ്പെടെയുളള വ്യാപക അനധികൃത ഖനനത്തിനെതിരെ നടപടികളൊന്നുമെടുത്തിരുന്നില്ല. പരാതികളുടെ അടിസ്ഥാനത്തിൽ മാത്രം ജിയോളജി വകുപ്പ് കണ്ടെത്തിയ ക്രമക്കേട് മാത്രമാണിത്. അനധികൃത ഖനനത്തിന് റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.