ഗ്യാസ് സിലിണ്ടർ ഓൺ ചെയ്തപ്പോൾ ശക്തിയായി വാതകം പുറത്തേക്ക് ചീറ്റി.. പരിഭ്രാന്തരായി പുറത്തേക്കോടിയ വീട്ടുകാർക്ക്..
വീട്ടിലുപയോഗിക്കുന്ന ഗ്യാസ് സിലണ്ടറിൽ ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. വിഴിഞ്ഞം കാക്കാമൂല സ്വദേശി യേശുദാസിന്‍റെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ ചോർച്ച ശ്രദ്ധയിൽപെട്ടത്. അടുക്കളയിൽ പാചകത്തിനായി ഗ്യാസ് ഓൺ ചെയ്തപ്പോഴാണ് ശക്തിയായി വാതകം പുറത്തേക്ക് ചീറ്റിയത്. ഭയന്ന് നിലവിളിച്ച വീട്ടുകാർ കുഞ്ഞുങ്ങളടക്കം പുറത്തേക്ക് ഇറങ്ങുകയും വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയവർ പരിസരത്തുള്ള വീടുകളിലെയും വൈദ്യുതി ബന്ധം വിഛേദിച്ചു.
എന്നാൽ ഗ്യാസ് സിലണ്ടറിൽ നിന്നും ചോർച്ച ശക്തമായി തുടർന്നതോടെ സമീപത്തെ യുവാക്കൾ ചേർന്ന് അപകട നിലയിലായിരുന്ന സിലിണ്ടർ പുറത്തേക്ക് മാറ്റി. പിന്നാലെ ഫയർഫോഴ്സ് എത്തി സിലിണ്ടർ ലീക്ക് താൽക്കാലികമായി അടച്ച ശേഷം തുറസായ സ്ഥലത്തേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. സിലണ്ടറിന്‍റെ വാഷറിലുണ്ടായിരുന്ന തകരാറായിരുന്നു ലീക്കിന് കാരണം. ഇത് കണ്ടെത്തിയ ഫയർഫോഴ്സ് സംഘം സിലിണ്ടർ മാറ്റാൻ ഏജൻസിക്ക് നിർദേശം നൽകി. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സനു, ഓഫീസർമാരായ സന്തോഷ് കുമാർ, സനൽ, അരുൺ, രഹിൽ എന്നിവരാണ് സ്ഥലത്തെത്തിയത്.