പൊതുനിരത്തിൽ മാലിന്യം തള്ളി.. വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ… സംഭവം…
പൊതുനിരത്തിൽ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ. കൊച്ചി കളമശേരിയിലാണ് സംഭവം. പതിനെട്ടാം വാർഡിലെ റോഡരികിൽ മൂന്ന് ചാക്ക് മാലിന്യമാണ് തൃക്കാക്കരയിൽ താമസിക്കുന്നയാൾ തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാർ ജോലിക്ക് എത്തിയപ്പോൾ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.
മാലിന്യത്തിൽ നിന്നും വിലാസം കണ്ടെടുത്തതോടെയാണ് ഉടമയിലേക്കെത്തിയത്. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടത്. ഇയാൾ മാലിന്യം വഴിയിൽ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പൽ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കർശന താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കൗൺസിലിന്റെ നിർദേശം.