പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട….14 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ…
കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട. മിനി ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേർ പെരുമ്പാവൂരിൽ പിടിയിൽ. പാലക്കാട് കുഴൽമന്ദം സ്വദേശി രതീഷ് (45), തമിഴ്നാട് തിരുപ്പൂർ സ്വദേശി സതീഷ് കുമാർ (36) എന്നിവരാണ് പിടിയിലായത്. വാഹനത്തിനകത്ത് ട്രേകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പെരുമ്പാവൂരിൽ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നി വണ്ടി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ രഹസ്യ ട്രേകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ 2 കേസുകളിളായി 25 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തിൽ മലയാളി ഉൾപ്പെടെ 4 പേർ പിടിയിലായി. പണിക്കർ റോഡിലെ വാടക റൂമിൽ നിന്ന് 22.25കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ലക്‌നൗ സ്വദേശികളായ ദീപക് കുമാർ, വാസു എന്നിവർ അറസ്റ്റിലായി. ഡാൻസാഫും വെള്ളയിൽ പോലീസും ചേർന്നാണ് കഞ്ചാവ് പിടിച്ചത്. കടല കച്ചവടത്തിന്റെ മറവിലാണ് ഇവർ കഞ്ചാവ് വിറ്റിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ടർഫുകൾ കേന്ദ്രീകരിച്ചും ഇവർ വില്പന പതിവാക്കിയിരുന്നു.