കൂട്ടബലാത്സംഗം ചെയ്ത അക്രമികൾക്ക് ജാമ്യം… പുറത്തിറങ്ങിയ പ്രതികൾ നടുറോഡിൽ… വീഡിയോ വൈറൽ…
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത അക്രമികൾക്ക് ജാമ്യം. പുറത്തിറങ്ങിയ പ്രതികൾ നടുറോഡിൽ ബൈക്കുകളിലും കാറുകളിലുമായി റാലി നടത്തി ആഘോഷിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. ഉച്ചത്തിൽ പാട്ടുവച്ച് നഗരത്തിൽ ആഘോഷ പ്രകടനം നടത്തിയാണ് പ്രതികൾ പുറത്തിറങ്ങിയത്. കൂട്ട ബലാത്സംഗക്കേസിലെ ഏഴ് പ്രതികൾക്കാണ് ജാമ്യം കിട്ടിയത്. ഇവരാണ് റോഡിൽ റാലി നടത്തി ആഘോഷിച്ചത്. കർണാടകയിലെ ഹാവേരിയിലെ അക്കി ആളൂർ ടൗണിലാണ് സംഭവം. ആഘോഷം നടത്തിയതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
ഹാവേരിയിലെ അക്കി ആളൂർ ടൗണിലാണ് ആഘോഷം അരങ്ങേറിയത്. ഒന്നരവർഷം മുമ്പ് ഹാവേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായിരുന്ന ഏഴ് പ്രതികളാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയത്. എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതികൾ കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ റോഡിൽ വിജയാഘോഷം നടത്തുകയായിരുന്നു.
അഫ്താബ് ചന്ദനക്കട്ടി, മദാർ സാബ്, സമിവുള്ള ലാലൻവാർ, മുഹമ്മദ് സാദിഖ്, ഷൊയ്ബ് മുല്ല, തൗസിപ് ഛോട്ടി, റിയാസ് സാവികേരി എന്നിവരാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ പ്രതികൾ. 2024 ജനുവരി എട്ടിനായിരുന്നു ഇവരടക്കമുള്ള പ്രതികൾ യുവതിയെ കൂട്ടബലാത്സംഗംചെയ്തത്.
ഹാവേരിയിലെ ഹോട്ടലിൽ മുറിയെടുത്ത വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട യുവതിയെയും യുവാവിനെയും പ്രതികൾ ആദ്യം ആക്രമിക്കുകയായിരുന്നു. ഹോട്ടൽമുറിയിലേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ ഇരുവരെയും മർദിച്ചു. പിന്നാലെ യുവതിയെ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സദാചാര ഗുണ്ടായിസത്തിനാണ് സംഭവത്തിൽ പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയതോടെയാണ് ബലാത്സംഗവും പുറത്തറിഞ്ഞത്. ഇതോടെ പ്രതികൾക്കെതിരേ കൂട്ടബലാത്സംഗത്തിനും കേസെടുത്തു.
ആകെ 19 പ്രതികളെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ 12 പ്രതികൾ പത്തുമാസം മുമ്പ് ജാമ്യത്തിലിറങ്ങി. ഇതിനുപിന്നാലെയാണ് ബാക്കി ഏഴ് പ്രതികൾക്കും കേസിൽ ജാമ്യം ലഭിച്ചത്.